
ദീര്‍ഘമായ മഴ ലഭിക്കുന്നതും, ശരാശരി ഉയര്‍ന്ന താപനിലയുളളതും ഭാഗികമായി തണല്‍ ലഭിക്കുന്നതുമായ പ്രദേശത്താണ് സാധാരണയായി കുരുമുളക് നന്നായി വളരുന്നത്. കേരളത്തിലെ ഞാറ്റുവേലകള്‍ പ്രധാനമായും തിരുവാതിര ഞാറ്റുവേല കുരുമുളക് കൃഷിക്ക് വളരെ അനുയോജ്യമാണ്. തണ്ടുകള്‍ മുറിച്ചു നട്ടാണ് കുരുമുളകിന്റെ തൈകള്‍ സാധാരണയായി ഉത്പാദിപ്പിക്കുന്നത്. നടുന്നത് പ്രധാനമായും ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലാണ്. കുരുമുളക് വള്ളിയുടെ ചുവട്ടില്‍ നിന്നു വശങ്ങളിലേക്ക് വളര്‍ന്നു പോകുന്ന തണ്ടുകളാണ് നടുന്നതിനായി തിരഞ്ഞെടുക്കുന്നത്.
ഇങ്ങനെയുള്ള തണ്ടുകള്‍ മുറിച്ച് കീഴ്ഭാഗവും, മേല്‍ഭാഗവും മുറിച്ചു നീക്കുന്നു. അതിനു ശേഷം രണ്ടോ മൂന്നോ മുട്ടുകളോടെ ചെറിയ കഷണങ്ങളായി മുറിച്ച് മണ്ണ് നിറച്ച പോളിത്തീന്‍ കവറുകളില്‍ ഒരു മുട്ട് മണ്ണിനടിയില്‍ നില്ക്കത്തക്കവണ്ണം നടുന്നു. ഇങ്ങനെ നടുന്ന വള്ളികള്‍ക്ക് തണല്‍ അത്യാവശ്യമാണ്. കൂടാതെ ഇവ നമ്മള് നല്ല രീതിയില്‍ നനച്ചു കൊടുക്കുകയും വേണം. ഇങ്ങനെ നട്ട വള്ളികള്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ കാലവര്‍ഷം തുടങ്ങുമ്പോള്‍ നടാവുന്നതാണ്. ഏപ്രില്‍ -മെയില്‍ പുതു മഴ പെയ്യുന്നതോടെ താങ്ങു മരങ്ങള്‍ നടാം. മുരുക്ക്, കിളിഞാവല്‍, പെരുമരം, സുബാബുള്‍ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തില്‍ കുരുമുളക് കൃഷി ചെയ്യുമ്പോള്‍ അക്വേഷ്യ, പ്ലാവ് തുടങ്ങിയവ താങ്ങായും മറ്റു ആദായത്തിനായി നട്ടുവളര്‍ത്താം. ഉയര്‍ന്ന പ്രദേശങ്ങളില്‍ മുരുക്ക് സില്‍വര്‍ ഓക്ക് എന്നിവ കുരുമുളക് നടുന്നതിന് രണ്ടു മൂന്നു വര്‍ഷം മുന്‍പ് തന്നെ നട്ടുപിടിപ്പിക്കണം.
താങ്ങുകള്‍ നടുന്നത് 40 മുതല്‍ 50 സെന്റീമീറ്റര്‍ താഴ്ച്ചയിലുള്ള കുഴികളില്‍ ആയിരിക്കണം. സമതലത്തില്‍ 3 മീറ്ററും ചെരിവുള്ള പ്രദേശങ്ങളില്‍ ചെടികള്‍ തമ്മില്‍ രണ്ട് മീറ്ററും വരികള്‍ തമ്മില്‍ നാലു മീറ്ററും അകലം പാലിക്കണം. നട്ടതിനുശേഷം ചുറ്റുമുള്ള മണ്ണ് ഉറപ്പിക്കുന്നത് കമ്പ് മണ്ണില്‍ ഉറച്ച് നില്‍ക്കുന്നതിന് സഹായിക്കും. താങ്ങു മരത്തില്‍ നിന്നും 15 സെന്റീമീറ്റര്‍ അകലത്തില്‍ വടക്കുവശത്തായി 50*50*50 സെന്റീമീറ്റര്‍ ആഴത്തില്‍ കുഴികള്‍ എടുക്കണം. കുഴി ഒന്നിന് 50 ഗ്രാം ട്രൈക്കോഡര്‍മ എന്നതോതില്‍ കമ്പോസ്റ്റോ, ചാണകപ്പൊടിയോ മേല്‍മണ്ണുമായി കലര്‍ത്തി കുഴി നിറയ്ക്കണം. ജൂണ്‍-ജൂലൈ കാലവര്‍ഷം തുടങ്ങുന്നതോടെ വേരുപിടിച്ച രണ്ടോ മൂന്നോ വള്ളികള്‍ വീതം കുഴിയിലും നടാം. ഓരോ ചെടിയുടെ ചുവട്ടിലും കൂനയാക്കി മണ്ണ് ഉറപ്പിക്കുന്നത് വെള്ളം കെട്ടി നില്ക്കാതിരിക്കാന് സഹായിക്കും. വളര്‍ന്നുവരുന്ന തലകള്‍ താങ്ങു മരങ്ങളില്‍ കെട്ടി നിര്‍ത്തണം. ചെടിക്ക് ആവശ്യമായ തണല്‍ നല്‍കുകയും വേണം. താങ്ങായി വളര്‍ത്തുന്നതെങ്കില്‍ മരത്തിന്റെ തടിയില്‍ നിന്ന് ഒന്നര മീറ്റര്‍ അകലെ കുരുമുളക് തൈകള്‍ നടണം.
മികച്ച ഇനങ്ങള്‍
മേല്‍ത്തരം ഇനങ്ങള്‍ -പന്നിയൂര്‍ 1, പന്നിയൂര്‍ 2, പന്നിയൂര്‍ 3, പന്നിയൂര്‍ 4, പന്നിയൂര്‍ 5, പന്നിയൂര്‍ 6, പന്നിയൂര്‍ 7, പന്നിയൂര്‍ 8 വിജയ്, ശുഭകര, പഞ്ചമി പൗര്‍ണമി, മലബാര്‍ എക്സല്‍.
നാടന്‍ ഇനങ്ങള്‍ – കരിമുണ്ട, നീലമുണ്ട, കൊറ്റ നാടന്‍, കുതിരവാലി, അറക്കളം മുണ്ട, ബാലന് കോട്ട, കല്ലുവള്ളി.