
സാധാരണക്കാരന് കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി താങ്ങാവുന്ന വിലയിൽ വാങ്ങാൻ കഴിയുന്ന ഒരു ഹാച്ച്ബാക്ക് കാർ ആയിരുന്നു മാരുതി സുസുക്കിയുടെ ആൾട്ടോ കെ10 . ഇപ്പോഴിതാ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി, ആൾട്ടോ കെ10 ന്റെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു കൊച്ചു കുടുംബത്തിന് അനുയോജ്യമായ ഈ കാറിന്റെ വിലയിൽ 8,500 രൂപ മുതൽ 19,500 രൂപ വരെയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. അതായത് 3.36 ശതമാനം. ഫെബ്രുവരി ഒന്നുമുതൽ ആൾട്ടോ കെ10 ന്റെ എല്ലാ വകഭേദങ്ങൾക്കും വിലയിലെ ഈ വർദ്ധനവ് ബാധകമായിട്ടുണ്ട്. ഇത്രയൊക്കെ വില വർദ്ധനവ് ഉണ്ടായെങ്കിലും രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കാറുകളിൽ ഒന്നായി മാരുതി സുസുക്കി അൾട്ടോ കെ10 ഇപ്പോഴും തുടരുന്നു. വില വർദ്ധനവിനുശേഷം അതിന്റെ ഏറ്റവും ഉയർന്ന വേരിയന്റായ VXI പ്ലസ് (O) ന്റെ എക്സ്-ഷോറൂം വില 5.99 ലക്ഷം രൂപയാണ്. അടിസ്ഥാന വേരിയന്റിന്റെ എക്സ്-ഷോറൂം വില 4.09 ലക്ഷം രൂപയായി. ഉൽപ്പാദനച്ചെലവ്, പണപ്പെരുപ്പം, പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ, സാങ്കേതിക വിദ്യയിലെ നവീകരണം എന്നിവ കണക്കിലെടുത്താണ് എല്ലാ വർഷവും ഓട്ടോമൊബൈൽ കമ്പനികൾ വില പുതുക്കുന്നത്. എട്ട് വേരിയന്റുകളിൽ മാരുതി ആൾട്ടോ കെ10 വിൽപ്പനയ്ക്ക് ലഭ്യമാണ്. ഇതിന്റെ ഏറ്റവും അടിസ്ഥാന മോഡൽ എസ്ടിഡി ആണ്. ഏറ്റവും ഉയർന്ന മോഡൽ മാരുതി ആൾട്ടോ കെ10 വിഎക്സ്ഐ എസ്-സിഎൻജി ആണ്. ആൾട്ടോ കെ10 ന് 1 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. സിഎൻജി വേരിയന്റിലും ഇത് ലഭ്യമാണ്. ഇതിന്റെ പെട്രോൾ വേരിയന്റ് ലിറ്ററിന് 24.90 കിലോമീറ്റർ വരെയും സിഎൻജി എഞ്ചിൻ കിലോഗ്രാമിന് 33.85 കിലോമീറ്റർ വരെയും മൈലേജ് നൽകുന്നു. ആൾട്ടോ കെ10ന് ഒപ്പം എസ്-പ്രെസോ, സെലേറിയോ, വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ, എർട്ടിഗ, ഈക്കോ, ഇഗ്നിസ്, ബലേനോ, സിയാസ്, എക്സ്എൽ6, ഫ്രോങ്ക്സ്, ഇൻവിക്ടോ, ജിംനി, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾക്കും വില വർദ്ധനവ് ഉണ്ടാകും. 1,500 മുതൽ 32,500 രൂപ വരെയാണ് വില വർദ്ധനവ്. ജിംനി, സിയാസ് എന്നിവയ്ക്കായിരിക്കും ഏറ്റവും കുറഞ്ഞ വില വർദ്ധനവ്, അതേസമയം സെലേറിയോ ഹാച്ച്ബാക്കിനായിരിക്കും എക്സ്-ഷോറൂം വിലയിൽ ഏറ്റവും ഉയർന്ന വർധനവ് ലഭിക്കുക.