
ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത വായ്പകൾ തിരിച്ചടക്കേണ്ടെന്ന് കർണാടക സർക്കാർ. ഇതു സംബന്ധിച്ച കർണാടക മൈക്രോ ഫിനാൻസ് ഓർഡിനൻസിന്റെ കരട് പകർപ്പ് രണ്ട് ദിവസത്തിനുള്ളിൽ കർണാടക സർക്കാർ പുറപ്പെടുവിക്കും. രജിസ്റ്റർ ചെയ്യാത്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങി ബാധ്യത താങ്ങാനാവാത്ത ആത്മഹത്യ ചെയ്തവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ, വ്യക്തികൾ, ചെറുകിട കർഷകർ തുടങ്ങിയവർക്ക് ആശ്വാസമേകാനാണ് പുതിയ നടപടി.
ലൈസൻസ് ഇല്ലാത്തതും രജിസ്റ്റർ ചെയ്യാത്തുമായ മൈക്രോ ഫിനാൻസിൽ നിന്ന് കടം വാങ്ങുന്നയാളുടെ പലിശ അടക്കമുള്ള എല്ലാ വായ്പകളും പൂർണമായി ഒഴിവാക്കിയതായി കണക്കാക്കുമെന്നും വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട ഇത്തരം കേസുകൾ ഒരു സിവിൽ കോടതിയും സ്വീകരിക്കില്ലെന്നും ഇത്തരം കെട്ടികിടക്കുന്ന എല്ലാ കേസുകളുടെയും നടപടികൾ അവസാനിപ്പിക്കുമെന്നും ഓർഡിനൻസിൽ പറയുന്നു. പുതിയ ഡ്രാഫ്റ്റ് പ്രകാരം നിയമം പ്രാബല്യത്തിൽ വന്ന ശേഷം 30 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം. പ്രവർത്തനങ്ങൾ, ലോൺ റിക്കവറി , പലിശ എന്നിവയെ കുറിച്ചും വ്യക്തത വരുത്തണം. രജിസ്റ്റർ പുതുക്കേണ്ടവർ 60 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും പറയുന്നു. എങ്കിലും, രജിസ്റ്റർ ചെയ്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെയും ഓർഡിനൻസ് ബാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.