
സംഗീത ലോകത്തെ ഏറ്റവും മികച്ച പ്രതിഭകളെ ആദരിക്കുന്ന ഗ്രാമി പുരസ്കാരം പ്രഖ്യാപിച്ചു. ലോസ് ആഞ്ചല്‍സിലെ ക്രിപ്റ്റോ ഡോട്ട്കോം അരീനയില്‍ നടന്ന 67-ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച കണ്ട്രി ആല്‍ബം നേടുന്ന ആദ്യ കറുത്ത വംശജയായി ബിയോണ്‍സേ തിരഞ്ഞെടുക്കപ്പെട്ടു. ബിയോണ്‍സേയുടെ ‘കൗബോയ് കാര്‍ട്ടര്‍’ എന്ന ആല്‍ബത്തിനാണ് ‘ആല്‍ബം ഓഫ് ദ ഇയര്‍’ പുരസ്കാരം. ഇതോടെ50 വർഷത്തിനിടെ കണ്ട്രി വിഭാഗത്തില്‍ മല്‍സരിച്ച് വിജയിക്കുന്ന ആദ്യ കറുത്ത വംശജയായി ബിയോണ്‍സേ. ഒപ്പം ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡില്‍ ഏറ്റവും കൂടുതല്‍ നോമിനേഷന് നേടിയെന്ന നേട്ടവും ബിയോണ്‍സേക്കാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോണ്‍സേയുടെ പേരിലുള്ളത്. 33 ഗ്രാമി പുരസ്കാരങ്ങളാണ് ബിയോണ്‍സേ ഇതുവരെ നേടിയിട്ടുള്ളത്.
ഇന്ത്യന്‍ വംശജയായ കലാകാരിയും സംരംഭകയുമായ ചന്ദ്രിക ടണ്ടന് തന്റെ ആല്‍ബമായ ‘ത്രിവേണിക്ക്’ മികച്ച ആംബിയന്റ് വിഭാഗത്തില്‍ തന്റെ ആദ്യ ഗ്രാമി നേടി. മികച്ച റാപ്പ് ആല്‍ബത്തിനുളള പുരസ്കാരം ഡോച്ചി സ്വന്തമാക്കി. ‘അലിഗേറ്റര്‍ ബൈറ്റ്സ് നെവര്‍ ഹീല്‍’ എന്ന ആല്‍ബത്തിനാണ് ഡോച്ചിക്ക് പുരസ്കാരം ലഭിച്ചത്. ഇതോടെ റാപ്പ് ആല്‍ബത്തിനുളള പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയായി ഡോച്ചി.
മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുളള പുരസ്കാരം ‘ഷോര്‍ട്ട് ആന്റ് സ്വീറ്റ്’ എന്ന ആല്‍ബത്തിലൂടെ സബ്രീന കാര്‍പെന്റര്‍ നേടി. ഹാപ്പല്‍ റോണ്‍ ഏറ്റവും മികച്ച പുതിയ ആര്‍ട്ടിസ്റ്റ് അവാര്‍ഡ് സ്വന്തമാക്കി.
ജോണര്‍ വിഭാഗങ്ങളില്‍ മികച്ച ലാറ്റിന്‍ പോപ്പ് ആല്‍ബം പുരസ്കാരം ഷക്കീറ കരസ്ഥമാക്കി. ജെന്നിഫര്‍ ലോപ്പസ് ആണ് ഷക്കീറക്ക് അവാര്‍ഡ് സമ്മാനിച്ചത്. “ഈ അവാര്‍ഡ് ഈ രാജ്യത്തെ എല്ലാ കുടിയേറ്റ സഹോദരങ്ങള്‍ക്കും സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു. നിങ്ങളത് അര്‍ഹിക്കുന്നു. ഞാന്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പം പോരാടും” മെന്നും ഷക്കീറ തന്റെ വിജയം കുടിയേറ്റക്കാര്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും പിന്തുടരാനും പിടികൂടാനും നാടുകടത്താനും ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ അടിച്ചമര്‍ത്തല്‍ ഉത്തരവിനു തൊട്ടുപിന്നാലെയാണ് ഷക്കീറയുടെ പരാമര്‍ശം. ഷക്കീറയുടെ ജന്മദിനമാണ് ഇന്ന് എന്നതും ഏറെ ശ്രദ്ധേയമാണ്
ലോസ് ആഞ്ചല്‍സിലെ കാട്ടുതീ ദുരന്ത ബാധിതരെ അനുസ്മരിച്ചുകൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. താരനിബിഡമായ പരിപാടിയില്‍ ഈ വര്‍ഷത്തെ ഗ്രാമി സംഗീത മികവിനെ ആദരിക്കുക മാത്രമല്ല, കാട്ടുതീ നാശം വിതച്ച സംഗീത പ്രൊഫഷണലുകള്‍ക്ക് സഹായം നല്‍കിക്കൊണ്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവര്‍ നോവ ആണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. ചടങ്ങിൽ 12 ഫീൽഡുകളിലും 94 വിഭാഗങ്ങളിലുമായി സംഗീതത്തിലെ ഏറ്റവും മികച്ചവരെയാണ് ആദരിക്കുന്നത്.
67ാമത് ഗ്രാമി അവാർഡുകള്‍
മികച്ച റാപ് ആൽബം: അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ
മികച്ച കൺട്രി ആൽബം: ബിയോൺസി (കൗബോയ് കാർട്ടർ)
മികച്ച ഡാൻസ്/ ഇലക്ട്രോണിക് റെക്കോർഡിങ്: ചാർളി എക്സ് സി എക്സ്(ബ്രാറ്റ്)
മികച്ച ഡാൻസ് പോപ് റെക്കോർഡിങ്: ചാർളി എക്സ് സി എക്സ് (വോൺ ഡച്ച്)
മികച്ച റോക്ക് ആൽബം: ദ് റോളിങ് സ്റ്റോൺസ് (ഹാക്ക്നി ഡയമണ്ട്സ്)
മികച്ച ക്ലാസിക്കൽ സോളോ വോക്കൽ ആൽബം: ക്യാരിൻ സ്ലാക്ക്
മികച്ച കൺട്രി സോങ്: ദ് ആർക്കിടെക്ട് (കെയ്സി മസ്ഗ്രേവ്സ്)
ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്: ചാപ്പൽ റോൺ
മികച്ച കൺട്രി സോളോ പെർഫോമൻസ്: ക്രിസ് സ്റ്റാപ്ലിറ്റൻ (ഇറ്റ് ടേക്ക്സ് എ വുമൻ)
സോങ് റൈറ്റർ ഓഫ് ദ് ഇയർ: എയ്മി എലൻ
മികച്ച ആർ&ബി പെർഫോമൻസ്: മുനി ലോങ് (മെയ്ഡ് ഫോർ മി)
പ്രൊഡ്യൂസർ ഓഫ് ദ് ഇയർ, നോൺ ക്ലാസിക്കൽ: ഡാനിയൽ നിഗ്രോ
മികച്ച ട്രെഡീഷനൽ പോപ് വോക്കൽ ആൽബം: നോറാ ജോൻസ്